ഇനി ലോകകപ്പ് ആവേശം
2019 ലെ ക്രിക്കറ്റ് ലോകകപ്പ് എഡിഷന്‍ എവിടെ അവസാനിച്ചുവോ അവിടെ നിന്ന് 2023 ലെ എഡിഷന് തുടക്കമാവും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് കഴിഞ്ഞവര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ ന്യൂസിലന്‍ഡിനെ നേരിടും. കാര്യമായ ഉദ്ഘാടന പരിപാടികള്‍ ഇല്ലാതെയാണ് ഇത്തവണ ലോകകപ്പ് ആരംഭിക്കുന്നത്.
പ്രതീക്ഷയോടെ ടീമുകള്‍
ഇന്ത്യ ഉള്‍പ്പെടെയുള്ള ടീമുകള്‍ പ്രതീക്ഷയോടെയാണ് ഇക്കുറി ലോകകപ്പിനിറങ്ങുന്നത്. ആതിഥേയരായത് കൊണ്ടുതന്നെ ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളമാണ്, രോഹിത് ശര്‍മ്മ നയിക്കുന്ന ടീം കിരീടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നുമില്ല. കഴിഞ്ഞതവണ ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോള്‍ കിരീടം നേടാനായത് ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ പിച്ചുകളെ നല്ല രീതിയില്‍ മനസ്സിലാക്കിയിട്ടുള്ളവരാണ് മറ്റ് ടീമുകളിലെ താരങ്ങള്‍. പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഓസ്ട്രേലിയ ഇത്തവണയും ഫേവറേറ്റുകളാണ്. തങ്ങളുടെ അഞ്ചാമത്തെ കിരീടമാണ് ഓസീസ് ലക്ഷ്യമിടുന്നത്. എന്നാല്‍ ലോകകപ്പിന് മുന്നോടിയായി നടന്ന മത്സരങ്ങളില്‍ അത്ര നല്ല പ്രകടനമായിരുന്നില്ല ഓസീസ് പുറത്തെടുത്തത്. കഴിഞ്ഞതവണ തങ്ങളുടെ ആദ്യ ലോകകപ്പ് സ്വന്തമാക്കിയതിന്റെ ഊര്‍ജ്ജത്തിലാണ് ജോസ് ബട്ട്ലറുടെ ക്യാപ്റ്റന്‍സിയില്‍ ഇംഗ്ലണ്ട് ലോകകപ്പിനിറങ്ങുന്നതെങ്കില്‍ 2015 ലും 2019 ലും ഫൈനലിലെത്തിയെങ്കിലും കിരീടമുയര്‍ത്താന്‍ പറ്റാത്തതിന്റെ നിരാശയിലാണ് ന്യൂസിലന്‍ഡ് ടൂര്‍ണ്ണമെന്റിനെത്തുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ അത്ര ശക്തമായ സ്‌ക്വാഡുമല്ല ഈ എഡിഷനില്‍ ന്യൂസിലന്‍ഡിന്റേത്. ശക്തമായ ബോളിങ്ങ് നിരയുമായി എത്തുന്ന പാകിസ്ഥാനാണ് ലോകകപ്പിലെ മറ്റൊരു ഫേവറേറ്റ്. സൗത്ത് ആഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ അത്ര മികച്ചുനില്‍ക്കുന്നവരല്ലെങ്കിലും കിരീടത്തില്‍ കുറഞ്ഞതൊന്നും അവര്‍ ലക്ഷ്യം വയ്ക്കുന്നില്ല. ലോകകപ്പിന് മുന്നോടിയായിട്ടുള്ള ഓസ്ട്രേലിയയുമായുള്ള പരമ്പരയില്‍ മികച്ച പ്രകടനമാണ് സൗത്ത് ആഫ്രിക്ക കാഴ്ചവച്ചത്. ഏഷ്യാകപ്പിന്റെ ഫൈനലില്‍ തകര്‍ന്നടിഞ്ഞെങ്കിലും ടൂര്‍ണ്ണമെന്റിലുടനീളം ലങ്ക നടത്തിയ പ്രകടനവും ശ്രദ്ധേയമായിരുന്നു. ടൂര്‍ണ്ണമെന്റിലെ കുഞ്ഞന്‍മാരെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നെതര്‍ലാന്‍ഡ്‌സ് എന്നീ ടീമുകള്‍ക്ക് ടൂര്‍ണ്ണമെന്റിന്റെ ഗതി തന്നെ മാറ്റി മറിക്കാനുള്ള കരുത്തുണ്ട്.